വർക്കല: കിളിത്തട്ടുമുക്ക് ജംഗ്ഷനിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് നിസാര പരിക്കേറ്റു.
പാരിപ്പള്ളി സ്വദേശികളായ സീന മൻസിൽ ഷൈൻ (30), പാറവിള വീട്ടിൽ സലീം (28) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വർക്കല ബലിമണ്ഡപം ഭാഗത്തുനിന്ന് എത്തിയ വാഹനം കിളിത്തട്ടുമുക്ക് ജംഗ്ഷന് സമീപം വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.വാഹനം അമിതവേഗത്തിലായിരുന്നോ എന്നുള്ളത് ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ച് വർക്കല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
