ചെറുന്നിയൂർ: ശക്തമായ കാറ്റിനെ തുടർന്ന് ചെറുന്നിയൂരിൽ റോഡരികിൽ നിന്നിരുന്ന വൻ അരയാൽ കടപുഴകി വീണു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഏകദേശം 38 വർഷം പഴക്കമുള്ള അരയാലാണ് നിലംപതിച്ചത്.പഞ്ചായത്ത് ഓഫീസ് കഴിഞ്ഞ് പുത്തൻകടവിന് സമീപം നിന്നിരുന്ന മരം എതിർവശത്തെ ഓടിട്ട കെട്ടിടത്തിന് മുകളിലൂടെ റോഡിന് കുറുകെ വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. മരം വീഴുന്നതിനിടെ വൈദ്യുതി ലൈനുകളും വൈദ്യുതി പോസ്റ്റുകളും തകർന്നു.
വിവരമറിഞ്ഞ് വർക്കല അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മരത്തിന്റെ ശാഖകൾ മുറിച്ചുമാറ്റുന്ന നടപടികൾ ആരംഭിച്ചു. റോഡിന് കുറുകെ വീണുകിടക്കുന്ന ഭീമാകാരമായ അരയാൽ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമം മണിക്കൂറുകളായി തുടരുകയാണ്.
പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. അഗ്നിരക്ഷാസേനയുടെ രക്ഷാപ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ നാട്ടുകാരും ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്.പുലർച്ചെ ആരംഭിച്ച മരം മുറിച്ചുമാറ്റൽ നടപടികൾ നാലു മണിക്കൂറിലേറെയായിട്ടും തുടരുകയാണ്.സുരക്ഷ ഉറപ്പാക്കി മരം പൂർണമായും നീക്കം ചെയ്ത ശേഷം മാത്രമേ ഗതാഗതം സാധാരണ നിലയിലാകൂ
