വർക്കല: എക്സൈസ് സർക്കിൾ ഓഫീസ് വർക്കലയുടെ നേതൃത്വത്തിൽ ഹെലിപാഡ്, പാപനാശം മേഖലകളിൽ നടത്തിയ വ്യാപക പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് സിഗരറ്റുകൾ (ഇ-സിഗരറ്റുകൾ) പിടികൂടി. വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഹെലിപാഡ് ഭാഗത്തെ സൈജാർ സൂപ്പർ മാർക്കറ്റിൽ നിന്ന് ഏകദേശം 35 ഇ-സിഗരറ്റുകൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ സൈജാർ അൻസാരിക്കെതിരെ PECA (Prohibition of Electronic Cigarettes Act, 2019) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത ഇ-സിഗരറ്റുകൾ കോടതിയിൽ ഹാജരാക്കി.
ഇ-സിഗരറ്റുകളുടെ ഉത്പാദനം, നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വിൽപ്പന, വിതരണം, സംഭരണം, പരസ്യം എന്നിവ രാജ്യത്ത് നിരോധിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമമാണ് PECA, 2019. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇ-സിഗരറ്റുകളുടെ ഉപയോഗവും വ്യാപനവും തടയുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം.നിയമലംഘനം നടത്തുന്നവർക്ക് പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കാം.
പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനു, പ്രിവന്റീവ് ഓഫീസർ മഞ്ജുനാഥ് എസ്.ആർ., സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ എന്നിവർ പങ്കെടുത്തു.
