കടയ്ക്കാവൂർ: വക്കം ഇലക്ട്രിക് സെക്ഷനിലെ മീറ്റർ റീഡറായ കീഴുവിലം സ്വദേശിയായ രാധാ നിവാസിൽ രഞ്ജിത്തിനാണ് മർദ്ദനമേറ്റത്.
ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രബോധിനി സ്കൂളിന് സമീപമുള്ള നായർകോട് വീട്ടിൽ സന്തോഷ് (42) ആണ് അറസ്റ്റിലായത്.
ജൂൺ 8-ന് രാവിലെ 11.30ഓടെ വക്കം പ്രബോധിനി സ്കൂളിന് സമീപമുള്ള പ്രതിയുടെ വീട്ടിൽ മീറ്റർ റീഡിങ് എടുക്കുന്നതിനിടെയാണ് സംഭവം.മീറ്റർ റീഡിങ് നടത്തിക്കൊണ്ടിരുന്ന രഞ്ജിത്തിനെ പ്രതിയായ സന്തോഷ് അസഭ്യം പറയുകയും പിടിച്ചുതള്ളുകയും തുടർന്ന് സമീപത്തുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നുെന്നാണ് പൊലീസ് പറയുന്നത്.
ആക്രമണത്തിൽ കണ്ണിനും ചെവിക്കും പരിക്കേറ്റ രഞ്ജിത്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ജീവനക്കാരൻ്റെ പരാതിയെ തുടർന്ന് കടയ്ക്കാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്കെതിരെ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ മുമ്പും അടിപിടി ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ഇതിനുമുമ്പും ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
