വര്‍ക്കല: ഇടവയില്‍ തെരുവുനായ ആക്രമണത്തില്‍നിന്ന് അഞ്ചുവയസ്സുകാരന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇടവ ഡീസന്റുമക്കില് ദാറുഅറഫയില് സുമയ്യയുടെ മകനാണ് കഴിഞ്ഞ ദിവസം തെരുവുനായ ആക്രമണത്തില്‍ നിന്നും നിലവിളിച്ച് അതിവേഗത്തില്‍ ഓടി രക്ഷപ്പെട്ടത്. സൈക്കിളിംഗ് നടത്തിക്കൊണ്ടിരുന്ന അഞ്ചുവയസ്സുകാരന് നേരെ തെരുവുനായ്ക്കള്‍ ഓടിയെടുത്തതോടെ കുട്ടി അതിവേഗത്തില്‍ ഓടി അടുത്തുള്ള വീട്ടില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു.
ഡീസന്റ്മുക്കിലുള്ള കുറ്റിക്കാടുകളില്‍ ഇറച്ചി മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതാവാം ആ ഭാഗത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇരുപതിലധികം തെരുവു നായ്ക്കള്‍ റോഡരുകിലും സമീപമുള്ള കുറ്റിക്കാടുകളിലും എപ്പോഴും കാണുമെന്നും വാഹനങ്ങളില്‍ പോകുന്നവരെയും കാല്‍നടയാത്രക്കാരെയും ആക്രമണ സ്വഭാവമുള്ള ഈ തെരുവ് നായ്ക്കള്‍ ആക്രമിക്കാറുണ്ടെന്നും നിത്യേന അപകടം സംഭവിക്കാറുണ്ടെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി. ഇടവ ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും ഒരു ഫലവും ഉണ്ടായില്ല എന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സമയത്തും തെരുവ് നായ്ക്കള്‍ കുരച്ചുകൊണ്ട് പാഞ്ഞടുക്കുകയായിരുന്നു.