വിതുര : കർഷകരെ ദുരിതത്തിലാക്കി മലയോരമേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം. വനമേഖലയുമായി അതിർത്തി പങ്കിടുന്ന വിതുര, തൊളിക്കോട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലാണ് പന്നിശല്യം കൂടുതൽ. മരച്ചീനി, വാഴ, പച്ചക്കറികൾ തുടങ്ങിയ വിളകളെല്ലാം പന്നിക്കൂട്ടം കുത്തിമറിക്കുന്നതായി അവർ പറയുന്നു. വിതുര പഞ്ചായത്തിലെ ആനപ്പാറ, കല്ലാർ, മണലി, തൊളിക്കോട്ടെ അപ്പച്ചിപ്പാറ, കംബ്ലാറ, ചെറുവക്കോണം, നാഗര, വട്ടപ്പൻകാട്, പരപ്പാറ, പുളിച്ചാമല, നന്ദിയോട് പഞ്ചായത്തിലെ കാലങ്കാവ്, നവോദയ, പൊട്ടൻചിറ, കടുവാച്ചിറ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് കാട്ടുപന്നിശല്യത്താൽ പൊറുതിമുട്ടുന്നത്.
സ്വാഭാവിക വനമേഖല പ്ലാന്റേഷനായതോടെയാണ് പന്നിക്കൂട്ടം നാട്ടിലേക്കിറങ്ങിത്തുടങ്ങിയത്. വനത്തോടുചേർന്ന റോഡുവക്കുകളിലെ മാലിന്യം തള്ളലാണ് മറ്റൊരു പ്രശ്നം. മാലിന്യങ്ങൾ തേടിവരുന്ന പന്നിക്കൂട്ടം റോഡുമുറിച്ചു കടക്കുമ്പോഴുണ്ടാകുന്ന ഇരുചക്രവാഹനാപകടങ്ങളും പതിവാണ്. മാലിന്യനിക്ഷേപം തടയുന്നതിന് വനംവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്