കല്ലമ്പലം: പെണ്‍സുഹൃത്തിനെ കളിയാക്കിയതിന് വിദ്യാര്‍ത്ഥിക്ക് സഹപാഠിയില്‍നിന്ന് ക്രൂരമര്‍ദ്ദനം. കല്ലമ്പലം കരവാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് ക്ലാസ് മുറിയില്‍വച്ച് ക്രൂരമര്‍ദ്ദനമേറ്റത്. സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കല്ലമ്പലം പോലീസ് കേസ് എടുത്തു. ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മാതാവ് സ്കൂളിലെ പി.ടി.എ പ്രസിഡന്റ് കൂടിയാണ്. സൈക്കിള്‍ ചെയിന്‍ ചുരുട്ടി തലയിലിടിക്കാന്‍ ശ്രമിച്ചത് വിദ്യാര്‍ത്ഥി കൈകൊണ്ട് തടഞ്ഞുവെങ്കിലും കൈയുടെ എല്ലിന് പൊട്ടല്‍ സംഭവിച്ചു.
തുടര്‍ന്നുള്ള മര്‍ദ്ദനത്തില്‍ തലയുടെ വിവിധ ഭാഗങ്ങളിലായി ഗുരുതരമായ മുറിവുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്നും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കും തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ സര്‍ജറി ആവശ്യമായതിനാല്‍ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വായിലൂടെ രക്തം വരികയും, നിരവധി തവണ ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സ്കാനിങ്ങിനും കുട്ടിയെ വിധേയമാക്കി. പരിശോധനാഫലം വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
അതേസമയം, ആക്രമണ സംഭവം സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിയുടെ വീട്ടുകാരെ അറിയിക്കുകയോ പോലീസില്‍ വിവരം അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണം ഉയരുന്നു. പരിക്കേറ്റ് ക്ലാസ് മുറിയില്‍ അവശനിലയിലായ വിദ്യാര്‍ത്ഥിയുടെ മറ്റ് സഹപാഠികള്‍ പ്രിന്‍സിപ്പാലിനെ വിവരമറിയിച്ചെങ്കിലും പ്രതികരണം ഉണ്ടാവാത്തതിനെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥി തന്നെ ഓഫീസ് മുറിയില്‍ ചെല്ലുകയായിരുന്നു. അതിനുശേഷമാണ് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മാതാവിനെ സ്കൂള്‍ അധികൃതര്‍ വിവരം അറിയിക്കുന്നത്. സ്കൂള്‍ അധികൃതര്‍ വിവരം പോലീസിനെ അറിയിക്കാതെ മറച്ചുവച്ചുവെന്നും കുട്ടിയുടെ മാതാവ് ആരോപണമുന്നയിച്ചു.