വർക്കല : തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കൾ വർക്കല പാപനാശത്തു നിന്നും ടൂറിസം പോലീസിന്റെ പിടിയിലായി.കോയമ്പത്തൂർ കോവൈ സ്വദേശികളായ 22 വയസ്സുള്ള ശരവണൻ, 24 വയസ്സുള്ള ഗോകുൽ ദിനേശ് എന്നിവരാണ് വ്യാഴാഴ്ച വൈകുന്നേരം 7:40 ന് പാപനാശത്തു നിന്നും ടൂറിസം പോലീസിന്റെ പിടിയിലായത്.
വൈകുന്നേരം നൂറുകണക്കിന് വിനോദസഞ്ചാരികൾ പാപനാശത്ത് എത്തുന്ന തിരക്കേറിയ സമയത്ത് പ്രതികൾ രണ്ടുപേരുടെയും നടത്തത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ പോലീസ് ഇവരെ പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി വിവരങ്ങൾ അന്വേഷിച്ചു. പരസ്പര വിരുദ്ധമായ മറുപടികളിലൂടെ ഇവരിൽ സംശയം തോന്നുകയും , പ്രതികളെ വർക്കല പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് പ്രതികളുടെ ഫോട്ടോ കോയമ്പത്തൂർ പോലീസ് സ്റ്റേഷനിൽ കൈമാറുകയും അവർ പ്രതികളെ തിരിച്ചറിയുകയുമായിരുന്നു .
നിരവധി മോഷണ കേസുകളും, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും പ്രതികളായ ഇവർക്കു വേണ്ടി കോയമ്പത്തൂർ പോലീസ് വ്യാപകമായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് പ്രതികൾ വർക്കല പോലീസിന്റെ പിടിയിലാകുന്നത്.
പ്രതികളെ കസ്റ്റഡിയിൽ എടുക്കുന്നതിനായി കോയമ്പത്തൂർ പോലീസ് വർക്കലയിലേക്ക് ഇതിനോടകം തിരിച്ചുകഴിഞ്ഞു. ഇന്ന് വർക്കലയിലെത്തുന്ന കോയമ്പത്തൂർ പോലീസിന് പ്രതികളെ കൈമാറുമെന്ന് വർക്കല പോലീസ് അറിയിച്ചു.
