വർക്കല: എം.ഡി.എം.എ. ശേഖരവുമായി സ്ഥിരം കുറ്റവാളി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയും 46 കാരനുമായ ശബരീനാഥ് വർക്കലയിൽ പിടിയിൽ. ഡാൻസാഫ് സംഘം നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ കുടുങ്ങിയത്.
വർക്കല കരുനിലക്കോട് കുഴിവിളാകം ക്ഷേത്രത്തിനു മുൻവശമുള്ള ഇരുനില വീട്ടിൽ നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇവിടെ ഒരു യുവതിയോടൊപ്പം താമസിക്കുകയായിരുന്നു വെന്നാണ് പോലീസ് പറയുന്നത്.
ചിറയിൻകീഴ് പോലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലുള്ള ഇയാൾക്കെതിരെ 18ഓളം കേസുകൾ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ കാപ്പാ നിയമപ്രകാരം തിരുവനന്തപുരം ജില്ലയിൽ പ്രവേശനം കോടതി വിലക്കിയിരുന്നു. തുടർന്ന് പാരിപ്പള്ളിയിൽ ലോഡ്ജ് മുറിയെടുത്ത് ലഹരിവ്യാപാരം നടത്തിയപ്പോൾ ഇയാളെ പിടികൂടി പാരിപ്പള്ളി പോലീസിന് കൈമാറിയിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി വർക്കലയിൽ വീണ്ടും മയക്കുമരുന്ന് കച്ചവടം ആരംഭിച്ചുവെന്നാണ് വിവരം.
വൈകുന്നേരം പ്രതി വീട്ടിലേക്കെത്തിയ സമയത്താണ് പ്രതിയെ നിരീക്ഷിച്ചു പിന്തുടർന്നെത്തിയ ഡാൻസാഫ് സംഘം ഇയാളെ പിടികൂടിയത്. 50 ഗ്രാമിലധികം എം.ഡി.എം.എ. ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തു. സ്ഥലത്ത് വർക്കല ഡിവൈഎസ്പി ഗോപകുമാർ, കടയ്ക്കാവൂർ സി.ഐ സുജിത് എന്നിവർ സ്ഥലത്തെത്തി പ്രതിയെ ചോദ്യം ചെയ്തു.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപിന്റെ നിർദ്ദേശാനുസരണം എസ്.ഐമാരായ സഹിൽ, ബിജുകുമാർ, ഫയാസ്, എസ്.സി.പി.ഒ അനൂപ്, വിനീഷ്, സി.പി.ഒ ഫറൂഖ്, WC ഷീബ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.