പാലോട്: പുല്ലുമേയാനായി വിട്ടിരുന്ന വളർത്തുപോത്തിനെ പുലി കടിച്ചുകൊന്നു. പാലോട് റേഞ്ച് ഓഫീസ് പരിധിയിലെ പെരിങ്ങമ്മല മങ്കയം വെങ്കിട്ട ആദിച്ചൻകോണിലാണ് ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ സംഭവം.
ജയൻ്റെ ഏഴ് പോത്തുകളിലൊന്നിനെയാണ് പുലി ആക്രമിച്ചത്. രാവിലെ പതിവുപോലെ വനത്തിനോടു ചേർന്ന പ്രദേശത്ത് പുല്ലുമേയാനായി വിട്ട പോത്തുകളിൽ ആറെണ്ണം വൈകീട്ട് പരിഭ്രാന്തിയോടെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഒന്നിന്റെ കാണാതാവലോടെ വീട്ടുകാർ അന്വേഷിച്ചു. വീട്ടിൽ നിന്നും 500 മീറ്റർ അകലെയായിരുന്നു പോത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴുത്തിൽ നിന്ന് രക്തം വാർന്ന നിലയിലാണ് പോത്ത് മരിച്ചത്. പുലി പിടിച്ചാണ് പോത്ത് ചത്തതെന്ന് ജയൻ പറയുന്നു. കഴുത്തിൽ ഏറെനേരം പിടിച്ചു മുറുക്കിയതിനാലാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക വിലയിരുത്തൽ.
ഒരു ആഴ്ച മുൻപ് സമീപവാസിയായ ഈച്ചൂട്ടിയുടെ വീട്ടിൽ നിന്നു നായയെ പുലി കടിച്ചുകൊണ്ടുപോയിരുന്നു. ഇതോടെ ഏഴ് മാസത്തിനിടെ ജയന്റെയും ഈച്ചൂട്ടിയുടെയും വീട്ടിൽ രണ്ട് തവണയാണ് പുലി ആക്രമണം നടന്നത്. നാട്ടുകാർ പല തവണ പുലിയെ കണ്ടതായി വനപാലകരെ അറിയിച്ചതായും പറയുന്നു.
സംഭവ വിവരം അറിഞ്ഞ് പാലോട് റേഞ്ച് ഓഫീസർ വിപിനചന്ദ്രനും പാലോട് എസ്.ഐ റഹീവും സ്ഥലത്തെത്തി പരിശോധന നടത്തി. 25,000 രൂപയുടെ നഷ്ടമുണ്ടെന്ന് ജയൻ അറിയിച്ചു.
പെരിങ്ങമ്മല മങ്കയം വെങ്കിട്ട ആദിച്ചൻകോണിലെ രണ്ടു സെറ്റിൽമെന്റുകളിലായി 10 കുടുംബങ്ങളാണ് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയിൽ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്.