വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കിവരുന്ന സ്നേഹധാര പദ്ധതിയുടെ ഭാഗമായി കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമമായ ‘സ്നേഹസംഗമം’ സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10ന് നടന്ന പരിപാടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. വർക്കല നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സീബ എസ്. ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. സ്നേഹധാര പദ്ധതി കോർഡിനേറ്റർ ഡോ. റോഷ്നി അനിരുദ്ധൻ വിഷയാവതരണം നടത്തി.
പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികൾക്കായി സമ്മാനദാനവും സംഘടിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടിസ്റ്റിക് എഴുത്തുകാരനും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടിസ്റ്റിക് ചിന്തകനുമായി അറിയപ്പെടുന്ന നയൻ എസ്., സംസ്ഥാനതല ഇൻക്ലൂസീവ് സ്പോർട്സ് ബാഡ്മിന്റൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തീർത്ഥ ജെ.എസ്. എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വാർഡ് കൗൺസിലർ എസ്. പ്രസന്നൻ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം മുഹമ്മദ് റൗഫ് എന്നിവർ ആശംസകൾ നേർന്നു. വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷാജിത ഷാഹുൽ നന്ദി രേഖപ്പെടുത്തി.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുമിച്ചുകൂടാനും സന്തോഷങ്ങളും അനുഭവങ്ങളും പങ്കുവെക്കാനും പരസ്പര പിന്തുണ വളർത്താനും അവസരമൊരുക്കിയ സംഗമം ഹൃദ്യമായ കൂട്ടായ്മയായി മാറി.
