കല്ലമ്പലം : കല്ലമ്പലത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ നിരന്തരം ശല്യം ചെയ്യുകയും ആശുപത്രിയിൽവെച്ച് കടന്നുപിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.
യുവതിയും സഹോദരിയും വീട്ടിലെത്തിയതിനു പിന്നാലെ വെട്ടുകത്തിയുമായി വീട്ടിൽ അതിക്രമിച്ചുകയറി വധഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്. കല്ലമ്പലം മണമ്പൂർ സ്വദേശി കണ്ണൻ എന്നുവിളിക്കുന്ന സുജിത്തിനെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 20ന് ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ചികിത്സയ്ക്കായി മണമ്പൂർ ഗവൺമെന്റ് ആശുപത്രിയിലെത്തിയ യുവതിയെ പ്രതി കൈയിൽ കടന്നുപിടിക്കുകയും കൂടെ ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തതായി യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പ്രതിയുടെ ആവശ്യം നിരസിച്ചതോടെ യുവതിയെയും ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതി അസഭ്യം പറഞ്ഞു. തുടർന്ന് യുവതിയെ കടന്നുപിടിച്ച് സ്വന്തം ശരീരത്തോട് ചേർത്തുനിർത്തി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
നിരവധി ആളുകൾ നോക്കിനിൽക്കെയായിരുന്നു പരസ്യമായുള്ള ഈ അതിക്രമമെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. പ്രതി ഏറെ നാളായി തന്നോട് പ്രണയാഭ്യർത്ഥന നടത്തിവരികയായിരുന്നുവെന്നും ഇത് നിരസിച്ചതിനെത്തുടർന്ന് നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തുവരികയായിരുന്നുവെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി.
ആശുപത്രിയിലെ സംഭവത്തിനുശേഷം യുവതിയും സഹോദരിയും വീട്ടിലേക്ക് മടങ്ങിയപ്പോൾ പ്രതി പിന്തുടർന്നതായും . ഇരുവരും വീട്ടിലെത്തിയതിനു പിന്നാലെ വെട്ടുകത്തിയുമായി വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി, സഹോദരിമാരിൽ ഒരാളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി കല്ലമ്പലം പോലീസിന് നൽകിയ പരാതിയിലുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കല്ലമ്പലം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
