വർക്കല: ഇടവയിൽ നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവറെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി സ്വദേശി രാജേഷാണ് അറസ്റ്റിലായത്.മദ്യലഹരിയിലായിരുന്നു ഡ്രൈവറെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി.
സംഭവത്തെ തുടർന്ന് നാട്ടുകാർ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഡ്രൈവറെ വർക്കല താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ ഡ്രൈവർ മദ്യലഹരിയിലായിരുന്നതായി കണ്ടെത്തി.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (BNS) വകുപ്പ് 110, മോട്ടോർ വാഹന നിയമത്തിലെ 184, 185 വകുപ്പുകൾ എന്നിവ പ്രകാരമാണ് അയിരൂർ പോലീസ് കേസെടുത്തത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.
