നാവായിക്കുളം:ഗാന്ധിജയന്തിയോടനുബന്ധിച്ച് നാവായിക്കുളം ഡീസന്റ് മുക്ക് റോഡിന്റെ ഇരുവശവും ശുചീകരിച്ചു. നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും നിരവധി തൊഴിലാളികളും കാൽനടയാത്രയ്ക്ക് ആശ്രയിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലുമാണ് ഡീസന്റ് മുക്ക് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരണ പ്രവർത്തനം നടത്തിയത്.
വാർഡ് മെമ്പർ ജി. വിജിനും നാവായിക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജുവും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാൽനടയാത്രക്കാർ ഏറെ ആശ്രയിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയേറ്റങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ ജി. വിജിൻ നൽകിയ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നൽകി.
