നാവായിക്കുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി. നാവായിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീളുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ പരിപാടികൾക്ക് തുടക്കമായി.
മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘായുസിനായി പൂജകൾ നടത്തിയാണ് പരിപാടികൾക്ക് തുടക്കമിട്ടത്. തുടർന്ന് വടശ്ശേരിക്കോണം പോസ്റ്റ് ഓഫീസിൽനിന്ന് പ്രധാനമന്ത്രിക്ക് ആശംസാകാർഡ് അയച്ചു.
ഒറ്റൂർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി ആർ. ഷൈല പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജുവിന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി.
ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സ്വരാജ്, നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറിമാരായ സബീൻ കണിമംഗലം, രാജീവ് ഐ.ആർ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജനപ്രതിനിധികളായ ശശീന്ദ്രൻ തച്ചോട്, നയന, ലെനിൻ, ബി.ജെ.പി. നേതാക്കളായ സുദേവൻ, തോഫൽ ശിവരാമൻ, ഷാൻ മഠത്തിൽ, ശാലിനി, അർച്ചന, കല കോവൂർ, മഞ്ജു, സുഷമ, ജോയി വലിയവിള എന്നിവരും പങ്കെടുത്തു.
ഒക്ടോബർ 17 വരെ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ജനക്ഷേമപരമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജു അറിയിച്ചു.
