ആറ്റിങ്ങൽ: ഇന്ധനവില വർധനവിനെതിരെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ചു. ജയറാം സ്വാഗതം ആശംസിച്ചു. പരിപാടി ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഷാൻ മഠത്തിൽ നന്ദി രേഖപ്പെടുത്തി.
ഡീസൽ വിലവർധനവ് പിൻവലിക്കുക, പൊതുഗതാഗത മേഖലയ്ക്ക് സബ്സിഡി നിരക്കിൽ ഡീസൽ ലഭ്യമാക്കുക, കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
വർധിച്ചുവരുന്ന ഇന്ധനവിലയും പ്രവർത്തനച്ചെലവുകളും സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സർക്കാർ അടിയന്തരമായി ഇടപെട്ട് മേഖലയെ സംരക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നിരവധി ബസ് ഉടമകളും തൊഴിലാളികളും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.
