വർക്കല: പുന്നമൂടിലെ ഒരു ചായക്കടയിൽ പലഹാരം എടുക്കുന്നതിനിടെയുണ്ടായ നിസാര തർക്കം ക്രൂരമായ ആക്രമണത്തിൽ കലാശിച്ചു. സംഭവത്തിൽ ശിവഗിരി സ്വദേശിയായ സന്തോഷിന് ഗുരുതരമായി പരിക്കേറ്റു. കേസിൽ നാല് പ്രതികളെ വർക്കല പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
പോലീസ് പറയുന്നതനുസരിച്ച്, ചായക്കടയിലെ പലഹാരപ്പെട്ടിയിൽ നിന്ന് പലഹാരം എടുക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്ത് നിന്നിരുന്നവരോട് അല്പം മാറിനിൽക്കണമെന്ന് സന്തോഷ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമായത്. തുടർന്ന് വാക്കുതർക്കം സംഘർഷമായി മാറുകയും സന്തോഷിനെ മർദിക്കുകയുമായിരുന്നു.
മർദനമേറ്റ സന്തോഷ് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളിലൊരാൾ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഏകദേശം ഒരടി നീളമുള്ള സ്പാനർ എടുത്ത് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. സ്പാനർ ഉപയോഗിച്ച് തലയിൽ മൂന്ന് തവണ അടിച്ചതിനെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു.
പരിക്കേറ്റ സന്തോഷിനെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയിൽ പത്ത് തുന്നലുകൾ വേണ്ടിവന്നതായും ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനെ തുടർന്ന് വീട്ടിലേക്ക് മടക്കിയയച്ചതായും പോലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് വർക്കല പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമ്പാനൂർ സ്വദേശിയും നിലവിൽ വർക്കല പുന്നമൂട് പി.വി.പി. മന്ദിരത്തിൽ താമസക്കാരനുമായ ശ്യാംജിത്ത് (33), പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം വാറുവിള വീട്ടിൽ വിനീഷ് (37), പുന്നമൂട് തുണ്ടുള്ള വീട്ടിൽ നർഷാദ് (52), പുന്നമൂട് വൃന്ദാവനം വീട്ടിൽ രാജേഷ് (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം തുടരുകയാണ്.
