വർക്കല: പാപനാശത്ത് വിനോദസഞ്ചാരത്തിനായി എത്തിയ യുവതിയോട് മോശമായി പെരുമാറിയ കേസിൽ ചെറുകുന്നം വികാസ് ഭവനിൽ താമസിക്കുന്ന 39കാരനായ വിപിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.
വർക്കല ഹെലിപാഡ്-ക്ലിഫ് മേഖലയിൽ കടൽത്തീരത്ത് സൂര്യാസ്തമയം ആസ്വദിച്ച് നിന്ന യുവതിയോട് പ്രതി അശ്ലീല പരാമർശങ്ങൾ നടത്തുകയും മോശമായി പെരുമാറാൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. പ്രതിയെ ധൈര്യമായി നേരിട്ട യുവതി പിന്തുടർന്ന് പിടികൂടുകയായിരുന്നു. യുവതിയുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പ്രദേശവാസികളും ടൂറിസം പോലീസും ചേർന്ന് പിടികൂടി. വിവരം അറിഞ്ഞ് എത്തിയ വർക്കല പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.