വർക്കല: കല്ലമ്പലം ദേശീയപാതയിൽ ഒന്നര കിലോയിലധികം എം.ഡി.എം.എ പിടികൂടിയ കേസിൽ വീണ്ടും അറസ്റ്റ് നടന്നു. വർക്കല സ്വദേശിയും കൊച്ചു വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണുവിനെ യാണ് വർക്കല ഡി.വൈ.എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കേസിൽ മുമ്പ് ജയിലിലായിരുന്ന ഡോൺ സഞ്ജുവിന് ആവശ്യമായ പണം കൈമാറിയത് വിഷ്ണുവാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഡോൺ സഞ്ജുവിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചാണ് പോലീസ് വിഷ്ണുവിലേക്ക് എത്തിയത്.
2022-ൽ ഡോൺ സഞ്ജുവിനൊപ്പം മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്ന വിഷ്ണു, ഇപ്പോൾ അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു എം.ഡി.എം.എ കേസിൽ ജയിൽവാസം അനുഭവിക്കുകയാണ്. കഴിഞ്ഞ ദിവസം കോടതിയുടെ അനുമതിയോടെ പോലീസ് സംഘം തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തി ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷയും കോടതിയിൽ സമർപ്പിച്ചു.
പ്രതിയെ കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യലിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കേസിൽ വമ്പൻ കണ്ണികൾ ഉണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും, വർക്കല ഡി.വൈ.എസ്.പി ഗോപകുമാർ പറഞ്ഞു.
ജൂലൈ 10-ന് പുലർച്ചെ വിദേശത്തുനിന്ന് വിമാന മാർഗം കടത്തിക്കൊണ്ടുവന്ന ഒന്നര കിലോയിലധികം എം.ഡി.എം.എ, റൂറൽ ജില്ലാ ഡാൻസാഫ് സംഘം കല്ലമ്പലം ദേശീയപാതയിൽ വാഹനങ്ങളെ പിന്തുടർന്ന് പിടികൂടിയിരുന്നു. നിരവധി മയക്കുമരുന്ന് കേസുകളിൽ സ്ഥിരം കുറ്റവാളിയായിരുന്ന ഡോൺ സഞ്ജുവിനൊപ്പം മൂന്നുപേരെയും അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള പോലീസിന്റെ അന്വേഷണത്തിൽ ജൂലൈ 24-ന് തിരുവനന്തപുരം കോട്ടുകാൽ സ്വദേശി പ്രസാദിനെയും അറസ്റ്റ് ചെയ്തു. പ്രസാദിന്റെ പേരിലുള്ള ലഗേജിനുള്ളിലാ യിരുന്നു സഞ്ജു മയക്കുമരുന്ന് ഈത്തപ്പഴപെട്ടിയിൽ ഒളിപ്പിച്ചു വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥരെ കബളിപ്പിച്ചു കടത്തിയത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ കൊച്ചു വിഷ്ണുവിന്റെ പങ്ക് തെളിഞ്ഞത്. കേസിൽ ഇപ്പോൾ ആറാമത്തെ പ്രതിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്.