പെരുംകുളം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പെരുംകുളം എ.എം.എൽ.പി.എസ് സ്കൂളിൽ “സ്വാതന്ത്ര്യത്തിന്റെ ചിറകൊച്ചകൾ” എന്ന പരിപാടി സംഘടിപ്പിച്ചു. ആറ്റിങ്ങൽ കലാപം, സ്വാതന്ത്ര്യ സമര ചരിത്രം, ഗാന്ധിയൻ സമരങ്ങൾ, ഇന്ത്യൻ ഭരണഘടന, പ്രധാന മന്ത്രിമാർ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് നൽകുന്നതിനായാണ് പരിപാടി ഒരുക്കിയത്.
സ്കൂളിൽ പതാക ഉയർത്തുന്നതിനുള്ള ചുമതല കുട്ടികളും അധ്യാപകരും ചേർന്ന് വക്കം അബ്ദുൽ ഖാദർ സ്മാരകത്തിൽ നിന്ന് സ്വീകരിച്ചു. ധീര ദേശാഭിമാനിയും സ്വാതന്ത്ര്യ സമര രക്തസാക്ഷിയുമായ ഖാദറിന്റെ ജീവചരിത്രവും അദ്ദേഹം എഴുതിയ കത്തുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളിൽ രാഷ്ട്രസ്നേഹവും സഹകരണവും വളർത്തുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സ്കൂൾ പ്രധാന അദ്ധ്യാപകൻ പ്രവീൺ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അൻസർ പെരുംകുളം, അധ്യാപകരായ രജനി ജി.കെ, ശാന്തി വി.എസ്, കാവേരി എസ്., കൃഷ്ണരാജ് ആർ.ജി. എന്നിവർ പങ്കെടുത്തു.