കടയ്ക്കാവൂർ: യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കായിക്കര കൊച്ചുചാത്തിയോട് വീട്ടിൽ 38 വയസ്സുള്ള അനുവിനെയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കുടുംബ പ്രശ്നങ്ങൾ കാരണം പ്രതിയുമായി പിണങ്ങി മാറി താമസിച്ചിരുന്ന പ്രതിയുടെ ഭാര്യാഗൃഹത്തിൽ അതിക്രമിച്ചുകയറി കട്ടിലിൽ ഫോണിൽ സംസാരിച്ചുകൊണ്ട് കിടന്ന ഭാര്യയെ പ്രതി കയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്കും കൈയ്ക്കും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയതിനാൽ യുവതിയുടെ വലത് കൈപ്പത്തി അറ്റുപോവുകയും, ഇടതു കൈവിരലുകളും മുറിഞ്ഞു മാറുകയും , ഇരു കാലുകളിലും ആഴത്തിലുള്ള മുറിവും സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.
പ്രതിയുടെ രണ്ടാം ഭാര്യയാണ് ആക്രമണത്തിന് ഇരയായത്. പ്രതിയുടെ ആദ്യ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ എട്ടു വർഷങ്ങൾക്കു മുമ്പ് കല്ലമ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനുശേഷം ഇപ്പോൾ ആക്രമണത്തിന് ഇരയായ യുവതിയുമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഇവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല.
ആക്രമിക്കപ്പെട്ട യുവതി ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് പ്രതിയുമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇവർ പിണങ്ങി മാറിയത്. പ്രതിയുമായി യുവതി ഒരുമിച്ചുതാമസിക്കാത്തതിനുള്ള വൈരാഗ്യത്തിലാണ് പ്രതി യുവതിയെ വീട്ടിൽ കയറി ആക്രമിച്ചത്. കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.