വര്‍ക്കല: വര്‍ക്കല എക്സൈസ് ഓഫീസില്‍ കയ്യാങ്കളി. എക്സൈസ് ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ച പ്രിവന്റീവ് ഓഫീസര്‍ ജസീനിനെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച നാലര മണിയോടെയായിരുന്നു സംഭവം. ഓഫീസില്‍ മദ്യപിച്ചെത്തിയ ജസീന് എക്സൈസ് ഇന്‍സ്പെക്ടറായ സൂര്യനാരായണനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. നേരത്തെ ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. കോടതി പ്രയെ കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. തുടര്‍ന്നാണ്, വകുപ്പുതല നടപടി സ്വീകരിക്കുകയായിരുന്നു.
പ്രതിയായ ജസീന് എല്ലാ ദിവസവും വര്‍ക്കല എക്സൈസ് റെയിഞ്ച് ഓഫീസിലെത്തി രാവിലെ ഒപ്പ് വച്ചതിനുശേഷം തിരികെ പോകാറാണ് പതിവെന്നും, ഒരാഴ്ച മുമ്പ് വര്‍ക്കല റെയിഞ്ച് എക്സൈസ് എസ്.ഐ ആയി ചുമതലയേറ്റ സൂര്യനാരായണന് ഇത് ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. ഇത് രണ്ടാം തവണയാണ് ഇയാള്‍ സസ്പെന്ഷന് നടപടിക്ക് വിധേയനാകുന്നത്. നാല് വര്‍ഷം മുമ്പ് തിരുവനന്തപുരം വട്ടപ്പാറയില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് അടിച്ചു നശിപ്പിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു. ജസീന് നടത്തിയ ആക്രമണത്തില്‍ നെഞ്ചിലും, മുതുകിലും പരിക്കേറ്റ സൂര്യനാരായണന് ആശുപത്രിയില്‍ ചികിത്സ തേടി.