അഞ്ചുതെങ്ങ്: തിരുവനന്തപുരം പൊഴിയൂർ – അഞ്ചുതെങ്ങ് സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാരെ മർദ്ദിച്ചതായി പരാതി. പൂവാർ ഡിപ്പോയിൽ നിന്ന് സർവ്വീസ് നടത്തുന്ന KL15 9532 (PVR – RSA 78) നമ്പർ ബസിന്റെ ഡ്രൈവർ പോളിനെയും കണ്ടക്ടർ അനീഷിനേയും അഞ്ചുതെങ്ങ് ജംഗ്ഷനിൽ വച്ച് വാഹനത്തിനുള്ളിൽ കയറി രണ്ടംഗ സംഘം മർദ്ദിച്ചതായാണ് പരാതിയിൽ പറയുന്നത്.
ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. മുതലപ്പൊഴി ഭാഗത്തുനിന്ന് അഞ്ചുതെങ്ങ് ഭാഗത്തേക്ക് വന്ന ബസ് സ്കൂട്ടിക്ക് സൈഡ് കൊടുക്കാത്തതിൽ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ലൈറ്റ് ഹൗസിന് സമീപത്തുള്ള വളവിൽ ഉണ്ടായ വാക്കേറ്റ ത്തിന് ശേഷം, വൈകുന്നേരം 4.55ന് ബസ് അഞ്ചുതെങ്ങ് ജംഗ്ഷനിലെത്തിയപ്പോൾ സ്കൂട്ടറിൽ പുറകെയെത്തിയ രണ്ടംഗ സംഘം ബസിനുള്ളിലേക്ക് അതിക്രമിച്ചു കയറി മർദ്ദിച്ചതായി ജീവനക്കാർ പോലീസിനോട് പറഞ്ഞു.
ജീവനക്കാരുടെ പരാതിയെ തുടർന്ന് അഞ്ചുതെങ്ങ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിക്കുന്നുണ്ട്.
ആറ്റിങ്ങൽ, പൂവാർ എന്നീ ഡിപ്പോകളിൽ നിന്നുമായി നിലവിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മേഖലയിൽ സർവീസ് നടത്തുന്നത് രണ്ട് കെ.എസ്.ആർ.ടി.സി സർവീസ് മാത്രമാണ്.