ആറ്റിങ്ങൽ: മുളകുപൊടി എറിഞ്ഞ് യുവാവിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിലായി. ചിറയിൻകീഴ് അഴൂർ കോളിച്ചിറ പുന്നവിള വീട്ടിൽ അഭിലാഷ്(39), കല്ലമ്പലം കടമ്പാട്ടുകോണം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം വാവറവിള വീട്ടിൽ മഹി മോഹനൻ (23), ആറ്റിങ്ങൽ വേളാർ കുടി ഇരട്ടപ്പന ക്ഷേത്രത്തിനു സമീപം ഷാമ നിവാസിൽ ശരത് (28), ആറ്റിങ്ങൽ രാമച്ചംവിള എൽ.പി. സ്കൂളിന് സമീപം മത്തിയോട് കിഴക്കുംകര ചരുവിള വീട്ടിൽ അനൂപ് (27), എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റുചെയ്തത്.
സെപ്റ്റംബർ 25ന് 3.30 മണിയോടുകൂടി ആറ്റിങ്ങൽ രാമച്ചംവിള ബൈപ്പാസ് റോഡിൽ വച്ച് നഗരൂർ ആൽത്തറമൂട് സ്വദേശിയായ സാജനെ പണയ സ്വർണം വിൽക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കണ്ണിൽ മുളകുപൊടി എറിഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു. പണം തട്ടിയെടുക്കണമെന്നുള്ള ഗൂഢാലോചനയുടെ ഭാഗമായി പ്രതികൾ തന്നെ വിളിച്ചു വരുത്തിയ ഓട്ടോറിക്ഷയിൽ സാജനെയും കൂട്ടുകാരൻ ബിജുവിനെയും കയറ്റിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് വഴിമധ്യേ യുവാവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും മുഖത്ത് മുളകുപൊടി വിതറുകയും ചെയ്തു. ഓട്ടോറിക്ഷയിൽ നിന്ന് രക്ഷപ്പെടുവാനായി റോഡിലേക്ക് ചാടിയിറങ്ങി തറയിൽ വീണ സാജന്റെ കഴുത്തിലും കയ്യിലും കാലിലും മുഖത്തും പ്രതികൾ പലതവണ ചവിട്ടുകയും മർദ്ദിക്കുകയും, റോഡിലൂടെ വലിച്ചിഴച്ച് നടക്കുകയുമായിരുന്നു.
യുവാവിൻ്റെ കൈവശമുണ്ടായിരുന്ന പണം സൂക്ഷിച്ചിരുന്ന കവറിൽ നിന്നും രണ്ടര ലക്ഷം രൂപ പിടിച്ചു പറിച്ചെടുത്തു കൊണ്ടുപോവുകയുമായിരുന്നുവെന്നാണ് ആറ്റിങ്ങൽ പോലീസ് അറിയിച്ചത്. ആറ്റിങ്ങൽ SHO അജയകുമാർ ജെ, SI മാരായ ജിഷ്ണു എം എസ്, ബിജു ഡി, ASI ഡീൻ, സി.പി.ഓ മാരായ അനന്തു, അജീഷ്, ജയശങ്കർ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.