പള്ളിക്കൽ: ലഹരിക്കേസുകളിൽ പ്രധാനിയെ ഡാൻസാഫ് സംഘം പിടികൂടി ജയിലിലടച്ചു. മടവൂർ ഞാറയിൽക്കോണം അമ്പിളി മുക്കിൽ കുന്നിൽ വീട്ടിൽ 38 വയസ്സുള്ള റിയാദ് ആണ് ഇന്ന് പോലീസിന്റെ പിടിയിലായത്.
2022 ൽ വർക്കല അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത എംഡി എം എ വാണിജ്യ അടിസ്ഥാന ത്തിൽ കടത്തിക്കൊണ്ടുവന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ജാമ്യവ്യവസ്ഥകൾ ലംഘിച്ചു കൊണ്ട് വീണ്ടും മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ഇതിനിടെ അന്തർ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായി ജോലി നോക്കിയ പ്രതി, ആ ജോലിയും മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ചു.
2025 ജനുവരിയിൽ തിരുവനന്തപുരം പൊഴിയൂരിലും വാണിജ്യ അടിസ്ഥാനത്തിൽ എം.ഡി.എം.എ ശേഖരം പ്രതിയിൽ നിന്നും പിടിച്ചെടുത്തു. ഈ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയാണ് പ്രതി വീണ്ടും മയക്കുമരുന്ന് വിൽപ്പനയിൽ സജീവമാണെന്ന് പോലീസ് നിരീക്ഷണത്തിൽ മനസ്സിലാക്കി.
പ്രതിയെക്കുറിച്ച് പള്ളിക്കൽ പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് കരുതൽ തടങ്കലിന് ശുപാർശ ചെയ്യുകയായിരുന്നു. തുടർന്ന് ഹോം ഡിപ്പാർട്ട്മെൻ്റ് ഇന്ന് പ്രതിയെ PIT-NDPS നിയമപ്രകാരം കരുതൽ തടങ്കലിലാക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
പ്രതിയെ നിരീക്ഷണത്തിൽ ആക്കിയിരുന്ന ഡാൻസാഫ് സംഘം ഇന്ന് സീമന്തപുരം ജംഗ്ഷനിൽ നിന്നും പിടികൂടി പള്ളിക്കൽ പോലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്ന് പള്ളിക്കൽ SHO ശ്യാം അറിയിച്ചു. പള്ളിക്കൽ പോലീസ് സ്റ്റേഷനിലെ നിരവധി ലഹരി കേസുകളിലും, റൗഡി ലിസ്റ്റിലും ഉൾപ്പെട്ട പ്രതിയാണ് പിടിയിലായ റിയാദ് .
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം റൂറൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രദീപ്. കെ, വർക്കല ഡിവൈഎസ്പി ഗോപകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ, വർക്കല ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ സാഹിൽ, ബിജു കുമാർ എസ് സി പി ഓ മാരായ അനൂപ് , വിനീഷ്, ഫാറൂഖ് എന്നിവരുടെ സഹായത്തോടെ പള്ളിക്കൽ എസ് എച്ച് ഓ ശ്യാം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.