വർക്കല: ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 79 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. ഒറ്റൂർ വില്ലേജിലെ നെല്ലിക്കോട് ദേശത്ത് കിഴക്കുംകര വീട്ടിൽ താമസിക്കുന്ന മുരളി (45) യ്ക്കെതിരെയാണു വർക്കല അതിവേഗ കോടതി ജഡ്ജി സിനി എസ്.ആർ. വിധി പുറപ്പെടുവിച്ചത്.
ചിറ്റാറ്റിൻകരയിലെ വലിയകുന്ന് സ്കൂളിന് സമീപം ചരുവിള പുത്തൻവീട്ടിൽ എത്തിയ പ്രതി, മകന്റെ കൂട്ടുകാരനായ 7 വയസ്സുകാരനെ വീട്ടിൽ കയറ്റി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 377-ാം വകുപ്പ് പ്രകാരം 9 വർഷം കഠിന തടവും 50,000 രൂപ പിഴയും, പോക്സോ നിയമം 4-ാം വകുപ്പ് പ്രകാരം 30 വർഷം കഠിന തടവും 50,000 രൂപ പിഴയും, പോക്സോ നിയമം 6-ാം വകുപ്പ് പ്രകാരം 40 വർഷം കഠിന തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചാൽ അതിൽ നിന്ന് ഒരു ലക്ഷം രൂപ ഇരയായ കുട്ടിക്ക് നൽകണമെന്നും, കൂടാതെ കൂടുതൽ നഷ്ടപരിഹാരത്തിനായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകണമെന്നും കോടതി ഉത്തരവിട്ടു.
2019-ൽ കല്ലമ്പലം പോലീസ് സബ് ഇൻസ്പെക്ടർ അഭിലാഷാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർമാരായ രാജേഷ്, അനൂപ്, ആർ.ചന്ദ്രൻ എന്നിവരാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ ഹാജരായി. ജി.വി. പ്രിയ പ്രോസിക്യൂഷൻ ലെയ്സൺ ഓഫീസറുടെ ചുമതല വഹിച്ചു.