വർക്കല : വർക്കലയിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ തമിഴ്നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കൊടൈക്കനാൽ അന്ന നഗർ 4/ 101-6-ൽ സുലൈമാന്റെ മകൻ ദാവൂദ് ഇബ്രാഹിം(26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ മിഡിൽ ക്ലിഫിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിലാണ് മരിച്ചനിലയിൽ കണ്ടത്. കൊടൈക്കനാലിൽനിന്നു സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന 40-ഓളം പേരുള്ള സംഘത്തോടൊപ്പമാണ് വിനോദയാത്രയുടെ ഭാഗമായി ദാവൂദ് ഇബ്രാഹിം വർക്കലയിലെത്തിയത്.
ഇവർ താമസിച്ചുവന്ന റിസോർട്ടിലെ നീന്തൽക്കുളത്തിലാണ് കുളിക്കാനിറങ്ങിയത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് റിസോർട്ട് ജീവനക്കാർ കണ്ടത്.
ദാവൂദിനെ ഉടൻ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. കുളിക്കുന്നതിനിടെ ജന്നി വന്നതാകാമെന്ന് സംശയിക്കുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം ഉറപ്പിക്കാനാകൂവെന്ന് പോലീസ് അറിയിച്ചു. മരണപ്പെട്ട ദാവൂദ് ഇബ്രാഹിം കൊടൈക്കനാലിലെ ഒരു മൊബൈൽഷോപ്പിൽ മാനേജരായിരുന്നു.
