വർക്കല: കാപ്പിൽ ബീച്ചിൽ സ്കൂബ ഡൈവിംഗിന് എത്തിയ പെൺകുട്ടികളെ വെള്ളത്തിനടിയിൽ വച്ച് പരിശീലകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി.
തിരുവനന്തപുരത്തെ പ്രമുഖ വിദ്യാലയത്തിലെ NCC കേഡറ്റുകളായ പെൺകുട്ടികളെ പരിശീലനത്തിന്റെ ഭാഗമായി അഡ്വഞ്ചർ വാട്ടർ സ്പോർട്സ് ഇനമായ സ്കൂബ ഡൈവിംഗിനായി വർക്കല കാപ്പിൽ ബീച്ചിൽ എത്തിച്ചപ്പോൾ ആയിരുന്നു സംഭവം.
സ്കൂബ ഡൈവിംഗ് പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ കടലിനുള്ളിൽ വെള്ളത്തിനടിയിൽ വച്ച് പരിശീലകൻ പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ കടന്നുപിടിച്ച് മാനഹാനി സംഭവിപ്പിച്ചു എന്നാണ് കേസ്. സമാനമായ രീതിയിൽ മറ്റു പെൺകുട്ടികളോടും പരിശീലകൻ പെരുമാറിയതായി പരസ്പരം വിവരങ്ങൾ കൈമാറിയതിനെ തുടർന്ന് പെൺകുട്ടികൾക്ക് മനസ്സിലായി.
പരിശീലകനായ എയർഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതി നൽകാൻ മാനഹാനി ഭയന്ന് മറ്റു പെൺകുട്ടികൾ തയ്യാറായില്ലെങ്കിലും രണ്ടു പെൺകുട്ടി കളുടെ രക്ഷിതാക്കൾ പരാതി നൽകാൻ തന്നെ തീരുമാനിച്ചു.രക്ഷിതാക്കളോടൊപ്പം പെൺകുട്ടികൾ പൂജപ്പുര പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും അവിടെ മൊഴി രേഖപ്പെടുത്തു കയും ചെയ്തു.
സംഭവം നടന്നത് കാപ്പിൽ ബീച്ചിൽ ആയതിനാൽ കേസ് അയിരൂർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. രണ്ട് പെൺകുട്ടികളുടെയും മൊഴിപ്രകാരം അയിരൂർ പോലീസ് ക്രൈം നമ്പർ :1407,1408 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കാപ്പിൽ ബീച്ച് പ്രദേശം അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണെങ്കിലും കൃത്യം നടന്നത് കടലിനുള്ളിൽ വച്ച് ആയതിനാൽ കേസ് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന് കൈമാറുമെന്ന് അയിരൂർ പോലീസ് അറിയിച്ചു
