ആറ്റിങ്ങൽ: ആറ്റിങ്ങൽ തച്ചൂർകുന്ന് തോപ്പുവിള്ള വീട്ടിൽ ഭാസിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.
സംസാരശേഷിയും കേൾവി ശേഷിയും ഇല്ലാത്ത ഭാസി ബാർബർ ജോലി ചെയ്താണ് ഉപജീവനം നോക്കി വരുന്നത്. രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങിയെത്തുന്നതിനിടെ വീടിന് മുന്നിൽ വെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വലത് കാൽ തുടയിൽ എട്ട് തുന്നിക്കെട്ടുകളും വയറ്റിൽ രണ്ട് തുന്നിക്കെട്ടുകളും പറ്റിയിട്ടുണ്ട്. കൂടാതെ മുഖത്തും കാൽ വിരലുകളിലും പരിക്കുണ്ട്.
പ്രദേശവാസികൾ ഉടൻ തന്നെ ഭാസിയെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ചികിത്സയ്ക്കുശേഷം ഭാസി ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലും കാട്ടുപന്നികളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചു.
![]()
