വർക്കല ടൂറിസം മേഖലയിൽ ദമ്പതിമാരെ ഉപദ്രവിക്കാൻ ശ്രമിച്ചതിൽ പിടിയിലായത് ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി
വർക്കല: ടൂറിസ്റ്റ് കേന്ദ്രമായ വർക്കല നോർത്ത്ക്ലിഫ് സമീപത്ത് ദമ്പതിമാരെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ടൂറിസം പൊലീസ് പിടികൂടി. ചങ്ങനാശ്ശേരി NSS ഹോസ്പിറ്റ ലിനു സമീപം തോട്ടുപറമ്പിൽ വീട്ടിൽ 25 വയസുള്ള അമൽ ബൈജു ആണ് വർക്കല പോലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം സ്വദേശികളും വർക്കല യിൽ താമസക്കാരുമായ ദമ്പതികൾ ഞായറാഴ്ച്ച രാത്രി 11 മണിയോടെ നോർത്ത്ക്ലിഫ് ഭാഗത്തെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴാണ് സംഭവം നടന്നത്.
ഏതോ ലഹരിയിലായിരുന്ന പ്രതി, വീട്ടമ്മയെ റൂമിലേക്കു ക്ഷണിച്ചു കൊണ്ട് കയ്യിൽ പിടിച്ച് വലിച്ചതായാണ് പരാതി. സംഭവം കണ്ട ഭർത്താവ് എതിർത്തതിനെ തുടർന്ന് വാക്കേറ്റമുണ്ടായി.
ഭർത്താവ് ഉടൻ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ടൂറിസം പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഇരുട്ടിന്റെ മറവിൽ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അമൽ ബൈജുവിനെ പോലീസ് പിടികൂടിയത്.
വർക്കല പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എന്നാൽ സംഭവം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് സംഭവ ദിവസം രാത്രി 1.30 ന് ദമ്പതികളുടെ വീട്ടിലെത്തിയ മൂവർ സംഘം ഭീഷണിപ്പെടുത്തിയതായും ഇതുമായി ബന്ധപ്പെട്ട് വർക്കല പോലീസിൽ പരാതി നൽകിയതായും വിവരമുണ്ട്. എന്നാൽ ദമ്പതികളുടെ പരാതിയിൽ മൂവർ സംഘത്തിനെതിരെ വർക്കല പോലീസ് കേസെടുത്തിട്ടില്ല.
അഞ്ച് വർഷങ്ങൾക്കു മുമ്പ് ബംഗളൂരുവിൽ ഡാർക്ക് വെബിലൂടെ മയക്കുമരുന്ന് വാങ്ങിയ കേസിൽ നൈജീരിയൻ പൗരൻ ഉൾപ്പെട്ട പത്തംഗ സംഘത്തെ ബംഗളൂരു പൊലീസ് പിടികൂടിയിരുന്നു. ആ കേസിലെ പ്രതികളിലൊരാളായിരുന്നുവെന്നാണ് അമൽ ബൈജുവിനെക്കുറിച്ച് പോലീസിൽ നിന്ന് ലഭിച്ച വിവരം.
