കല്ലമ്പലം: മാവിൻമൂട് പ്രസിഡന്റ് മുക്കിൽ പുതുവൽ വിള വീട്ടിൽ പ്രേംകുമാർ എന്ന യുവാവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ച് നശിപ്പിച്ചതായി പരാതി. ശനിയാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. ചിക്കൻ സപ്ലൈ ചെയ്യുന്ന വാഹനത്തിൽ എത്തിയവർ റോഡരികിൽ ഓട്ടോറിക്ഷ കത്തുന്നത് കണ്ട് , അവർ വാഹനം നിർത്തി വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിക്കുകയും, ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. കല്ലമ്പലം ഫയർഫോഴ്സ് വിവരമറിഞ്ഞെത്തി എത്തി തീ അണച്ചെങ്കിലും, ഓട്ടോറിക്ഷ പൂർണ്ണമായും കത്തി നശിച്ചിരുന്നു.
ഓട്ടോറിക്ഷയിലെ ബാറ്ററി റിപ്പയറിന് നൽകിയിരുന്നതിനാൽ ഷോർട്ട് സർക്യൂട്ട് മൂലമല്ല തീപിടിത്തമെന്നാണു പ്രേംകുമാറിന്റെ സംശയം. ഏകദേശം ₹90,000 വിലയുള്ള ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്.
ഇതിനുമുമ്പും യുവാവിന്റെ ഓട്ടോറിക്ഷയുടെ ഗ്ലാസ് അടിച്ചു തകർത്തതായും, സാധനങ്ങൾ ഇളക്കി മാറ്റിയതായും ആരോപണമുണ്ട്. അന്ന് യുവാവ് കല്ലമ്പലം പോലീസിൽ പരാതി നൽകുകയും പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. അതേ വിരോധത്തിന്റെ തുടർച്ചയായിരിക്കാമെന്നാണ് വാഹനയുടമയുടെ സംശയം.
കല്ലമ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സയന്റിഫിക് വിഭാഗം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
